വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു… 17കാരൻ അറസ്റ്റിൽ

കൊരട്ടി: കൊരട്ടി ജെ.ടി.എസ്. ജങ്ഷന് സമീപം കോനൂർ ഗീതാഞ്ജലി റോഡിൽ അസം സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം വാക്കുതർക്കത്തെ തുടർന്നുള്ള പ്രകോപനമെന്ന് സൂചന. അസം സ്വദേശി ഹക്കിം മർദ്ദി (35) കൊല്ലപ്പെട്ട സംഭവത്തിൽ സഹതൊഴിലാളിയായ 17കാരനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കി.

കൊരട്ടി പോളിടെക്നിക്കിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടാണ് ഇരുവരും പ്രദേശത്ത് താമസിച്ചിരുന്നത്. ഇവർക്കൊപ്പം അസമിൽ നിന്നും ബംഗാളിൽ നിന്നുമുള്ള അതിഥിത്തൊഴിലാളികളടക്കം 15 പേരാണ് വാടകക്കെട്ടിടത്തിൽ താമസിച്ചിരുന്നത്. നിർമാണസ്ഥലത്ത് ആരംഭിച്ച ഇരുവരുടെയും തർക്കം താമസസ്ഥലത്തും തുടർന്നു. ഇതിനിടെയാണ് പ്രകോപിതനായ പ്രതി ഹക്കിം മർദ്ദിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം കണ്ട് ഓടിയെത്തിയവർ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ പിടിച്ചുനിർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. കൊരട്ടി പോളിടെക്നിക്കിൽ പുതിയ കെട്ടിടം നിർമിക്കുന്ന കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്ന ഏഴ് അസം സ്വദേശികളും എട്ട് ബംഗാൾ സ്വദേശികളുമാണ് രണ്ടുനിലകളിലായി താമസിച്ചിരുന്നത്. പുതിയ കെട്ടിടനിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽ തൊഴിലാളികൾ പോളിടെക്നിക് കാമ്പസിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പ്രദേശവാസികൾ പരാതി ഉന്നയിച്ചതിനെ തുടർന്ന് മറ്റൊരു താമസസ്ഥലം കണ്ടെത്തണമെന്ന് കോളേജ് അധികൃതർ കോൺട്രാക്ടറോട് നിർദേശിച്ചിരുന്നു. തുടർന്നാണ് തൊഴിലാളികൾക്കായി ഗീതാഞ്ജലി റോഡിൽ പുതിയ താമസസ്ഥലം ഒരുക്കിയത്. ഹക്കിം മർദ്ദി ഏതാനും ദിവസം മുൻപാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്. സംഭവത്തിൽ കൊരട്ടി പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button