പുസ്തകം കൊണ്ടുവരാത്തതിന് വെയിലത്ത് നിർത്തി.. അധ്യാപിക ശിക്ഷിച്ച 10 വയസ്സുകാരി..

ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു. ഡൽഹിയിലെ വിനോദ് നഗറിലെ സർക്കാർ സ്കൂളിലാണ് സംഭവം. അധ്യാപികയുടെ ശിക്ഷയ്ക്ക് പിന്നാലെ അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥിനിയുടെ മരണത്തെത്തുടർന്ന് അധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി കുട്ടിയുടെ ബന്ധുക്കളും നാട്ടുക്കാരും രംഗത്തെത്തി. പുസ്തകം കൊണ്ടുവരാത്തതിന് കുട്ടിയെ രൂക്ഷമായി ശകാരിക്കുകയും കൈകൾ ഉയർത്തിപ്പിടിച്ച് വെയിലത്ത് മണിക്കൂറുകളോളം നിർത്തുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് സ്കൂൾ അധികൃതർ അമ്മയെ വിളിച്ചുവരുത്തുകയായിരുന്നു. സ്കൂളിലെത്തിയപ്പോൾ മകൾ വെയിലത്ത് അവശനിലയിൽ നിൽക്കുന്നതാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ മരണം വളരെ ദുഃഖകരവും ഗൗരവമേറിയതുമായ സംഭവമാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ആരോപണവിധേയയായ അധ്യാപികയെ സ്ഥലംമാറ്റിയതായും മന്ത്രി വ്യക്തമാക്കി. ബിജെപി എംഎൽഎ രവീന്ദർ സിങ് നേഗിയും സംഭവസ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button