ഏലൂർ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക്..

ഏലൂര്‍ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യമൊഴുക്കി. രാവിലെ ഏഴുമണിക്കാണ് നാട്ടുകാര്‍ പുഴയിൽ പത കണ്ടത്. കുടിവെള്ള പദ്ധതിക്ക് കൂടി ആശ്രയിക്കുന്ന പുഴയിലാണ് മാലിന്യം തള്ളുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സംവിധാനം ഉണ്ടായിരിക്കെയാണ് മാലിന്യം തള്ളൽ. പെരിയാറിൻ്റെ ഇരുകരകളിലും തഴച്ചു വളര്‍ന്ന വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുകിപ്പരക്കുന്നത് ഇതാദ്യമല്ല. ഏലൂര്‍ പാതാളം ബിനാനിപുരം മേഖലകളിൽ ഇന്ന് രാവിലെയും പത കണ്ടു. ഏഴുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കുടിവെള്ള പദ്ധതികൾക്ക് വ്യാപകമായി ആശ്രയിക്കുന്ന പെരിയാറിലാണ് ഈ മാലിന്യക്കാഴ്ച. വേലിയേറ്റം തുടങ്ങിയതോടെ നുരയുടെ വീര്യം കുറഞ്ഞ് ഒഴുകിപ്പോയി. നുര ആദ്യം കണ്ട സ്ഥലത്ത് എല്ലുപൊടി നിര്‍മാണ ഫാക്ടറിയും കോഴിയറവ് മാലിന്യ സംസ്കരണ യൂണിറ്റുമുണ്ട്. ഇവിടെ നിന്ന് തള്ളിയ മാലിന്യമെങ്കിൽ അനിമൽ ഫാറ്റിന്‍റെ സാന്നിധ്യം മാലിന്യത്തിലുണ്ടാകണം. ഇതടക്കം പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോഡ് അറിയിച്ചു. തുടര്‍ നടപടി പരിശോധന ഫലത്തിന് ശേഷമാകും.



