‘ഓപ്പറേഷൻ ബിജാപുർ’… സ്വന്തം വകുപ്പിലെ അഴിമതി പിടികൂടാൻ കമ്മിഷണറുടെ രഹസ്യ നീക്കം

കോട്ടയം: സ്വന്തം വകുപ്പിലെ അഴിമതി കണ്ടെത്താൻ എക്സൈസ് കമ്മിഷണർ സീറാം സംബശിവ റാവു നടത്തിയ രഹസ്യ നീക്കമായ ‘ഓപ്പറേഷൻ ബിജാപുർ’ നിർണായക വഴിത്തിരിവിൽ. ചങ്ങനാശേരിയിലെ ബാറുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയതായി ആരോപിക്കപ്പെടുന്ന മാസപ്പടി പിരിവാണ് രഹസ്യ ഓപ്പറേഷനിലൂടെ പുറത്തായത്. സംഭവത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്.

വിവരം ചോരാതിരിക്കാനായി കർണാടകയിലെ ബിജാപുരിലേക്ക് പോകുകയാണെന്ന് സഹപ്രവർത്തകരോട് പറഞ്ഞ ശേഷമാണ് കമ്മിഷണർ കോട്ടയത്തേക്ക് എത്തിയത്. ഔദ്യോഗിക വാഹനവും അകമ്പടിയും ഒഴിവാക്കി ബാർ ഹോട്ടലിൽ താമസിച്ചായിരുന്നു രഹസ്യ നീക്കം. ബാർ ഉടമകളെയും മാനേജർമാരെയും നേരിൽ കണ്ടും ഫോണിലൂടെയും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് എക്സൈസ് വിജിലൻസ് സംഘത്തിനൊപ്പം ബാറുകളിലും ഇടനിലക്കാരുടെ വീടുകളിലും പരിശോധന നടത്തി. ചങ്ങനാശേരിയിലെ വിവിധ ബാറുകളിൽ നിന്ന് ഇടനിലക്കാരൻ വഴി പണം പിരിച്ചെടുത്തതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. നാല് ബാറുകളിൽ നിന്നായി 55,000 രൂപ കൈപ്പറ്റിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ വാമൊഴിയായി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ രേഖാമൂലം ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതായാണ് വിവരം.

അതിനിടെ, ചോദ്യം ചെയ്യലിനിടെ അശോക് കുമാറിന്റെ മൊബൈൽ ഫോണിലെ വിവരങ്ങൾ റിമോട്ട് സംവിധാനത്തിലൂടെ മായ്ച്ചതായും കണ്ടെത്തി. സൈബർ പരിശോധനയിൽ വിവരങ്ങൾ നീക്കം ചെയ്തതായി സ്ഥിരീകരിച്ചതിനെ തുടർന്ന് തെളിവ് നശിപ്പിച്ചതിനുള്ള നടപടിയും സ്വീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ മറ്റാരെങ്കിലും ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവരങ്ങൾ മായ്ച്ചതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ബാറുകളിൽ നിന്ന് ഉദ്യോഗസ്ഥർക്കായി പണം പിരിച്ചുനൽകിയിരുന്ന ഇടനിലക്കാരുടെ പങ്കും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബാറുകൾ നേരത്തെ തുറക്കുന്നതിനും വൈകി അടയ്ക്കുന്നതിനും പരിശോധനകൾ നിയന്ത്രിക്കുന്നതിനുമെല്ലാം ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലുകൾ ഉണ്ടായിരുന്നോയെന്നും പരിശോധന തുടരുകയാണ്. ‘ബിജാപുർ’ എന്ന പേരിലാണ് രഹസ്യ ഓപ്പറേഷന് പേര് നൽകിയത്. സംഭവത്തിൽ കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിച്ചുവരികയാണ്. എക്സൈസ് വകുപ്പിലെ അഴിമതി ആരോപണങ്ങളിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button