പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന്..

ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (മത്തായി- 31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിൻ തോമസിന് ബോട്ടിലിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും 25 അടിയോളം താഴ്ചയുള്ള ആറ്റിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.

ജലോത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഫയർഫോഴ്സ് സംഘം എബിനെ വെള്ളത്തിൽനിന്ന് കരയ്‌ക്കെത്തിച്ചു. തുടർന്ന് പോലീസ് ബോട്ടിൽ അതിവേഗം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രശാന്ത്, എസ് എഫ് ആർ ഒ രാജേഷ്, ഫയർമാൻമാരായ രാഹുൽ, നിഖിൽ, ഉണ്ണി സുധാകരൻ, ഹോം ഗാർഡുമാരായ സജിത്ത്, സുരേഷ്, മെക്കാനിക് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Related Articles

Back to top button