ത്രില്ലർ പോരിൽ കാലിക്കറ്റിനെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ്…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ അഞ്ചുറൺസിനാണ് ട്രിവാൻഡ്രം റോയൽസ് പരാജയപ്പെടുത്തിയത്. ട്രിവാൻഡ്രം റോയൽസ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ കാലിക്കറ്റിന് നിശ്ചിത 20 ഓവറിൽ ഓൻപത് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ ആയുള്ളൂ. ട്രിവാൻഡ്രത്തിനായി നിഖിൽ എം നാലുവിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിനായി അരവിന്ദ് കെ.എസ് ഉഗ്രൻ തുടക്കമാണ് നൽകിയത്. എന്നാൽ മറ്റ് മുൻനിര ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനമായില്ല. രോഹൻ കുന്നുമ്മൽ(10), എസ് രാജ്(1), വരുൺ നായനാർ(3)അഖിൽ സ്കറിയ(8) എന്നിവർ നിരാശപ്പെടുത്തി. അതോടെ ടീം 59-4 എന്ന നിലയിലേക്ക് വീണു. 30 പന്തിൽ നിന്ന് 36 റൺസുമായി അരവിന്ദ് കെ.എസ് അൽപ്പമെങ്കിലും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെയാണ് കാലിക്കറ്റ് ഇന്നിങ്സ് മുന്നോട്ടുപോയത്.



