കാപ്പ പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം… രണ്ട് ഉദ്യോഗസ്ഥ…

തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപിനെ പിടികൂടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ചീരങ്കുളം പാടത്തിന് സമീപം അദീപും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.

പൊലീസിനെ കണ്ടയുടൻ അദീപും സംഘവും ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്ക് പരിക്കേറ്റു. കഴുത്തിന് പരിക്കേറ്റ സി.പി.ഒ. രതീഷ് കുന്നംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാപ്പ നിയമപ്രകാരമുള്ള നടപടി നേരിട്ടയാളാണ് അദീപെന്നും കാപ്പ കാലാവധി പൂർത്തിയായതിന് ശേഷം ഇയാൾ വീണ്ടും നാട്ടിൽ തിരിച്ചെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി. വധശ്രമം, ലഹരിവസ്തുക്കളുടെ കച്ചവടം തുടങ്ങിയ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെയും സംഘത്തെയും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button