ഓണതല്ലിൽ സിപിഎം-സിപിഐ… ഒറ്റക്ക് ജയിക്കാൻ സിപിഐക്ക് കഴിയുമോ എന്ന്….

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഉപനേതൃപദവി വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയതിന് പിന്നാലെ, സിപിഎം നേതാവിന്റെ പേരായിരിക്കും സ്ഥാനത്തേക്ക് നിർദേശിക്കുകയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കിയതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

ഉപനേതൃപദവി വിട്ടുനൽകില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിണറായി പരസ്യമായി തള്ളിയത് സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചു. പിന്നാലെ പിണറായിക്കെതിരെയും സിപിഎമ്മിനെതിരെയും സിപിഐ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പിണറായിയുടേതെന്ന് സത്യൻ മൊകേരി ജനയുഗത്തിലെഴുതി. മുന്നണിയിലെ ഐക്യത്തിന്റെ പ്രാധാന്യം പിണറായി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സിപിഐക്കെതിരെ സിപിഎം നേതാക്കളും രംഗത്തെത്തി. മുൻ മന്ത്രി വി. ശിവൻകുട്ടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനനും സിപിഐക്കെതിരെ രൂക്ഷ വിമർശനം നടത്തി. സമ്മർദതന്ത്രത്തിലൂടെ മുന്നണിയിൽ സ്ഥാനങ്ങൾ നേടിയെടുക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്നായിരുന്നു മോഹനന്റെ ആരോപണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ച നിലപാടും നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച ഘടകങ്ങളിലൊന്നായി സിപിഎം നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരിനെ അകത്തുനിന്ന് ആക്രമിച്ച് നാണംകെടുത്തിയെന്നും അതിന്റെ തുടർച്ചയാണ് തിരഞ്ഞെടുപ്പ് തോൽവിയെന്നും മോഹനൻ ആരോപിച്ചു. ഉപനേതൃപദവി സംബന്ധിച്ച് മുന്നണിയിൽ കീഴ്വഴക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവ ലംഘിച്ചാണ് സിപിഐ ആവശ്യം ഉന്നയിക്കുന്നതെന്നുമാണ് സിപിഎം നിലപാട്.

അതേസമയം, ഉപനേതൃപദവിയുടെ കാര്യത്തിൽ പ്രകോപനപരമായ പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന ധാരണ ഇരുപാർട്ടികളും മറികടന്നതോടെ പരസ്യവാക്‌പോര് ശക്തമായി. പിണറായി വിജയൻ നിലപാട് ആവർത്തിച്ചതോടെ സിപിഎം പിന്നോട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഇതോടെ സിപിഐയെ എങ്ങനെ അനുനയിപ്പിക്കുമെന്നതും ആര് വിട്ടുവീഴ്ച ചെയ്യുമെന്നതുമാണ് മുന്നണിയിലെ പ്രധാന ചോദ്യം. തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന എൽഡിഎഫിലെ മറ്റ് ഘടകകക്ഷികൾക്കും തർക്കത്തിൽ അതൃപ്തിയുണ്ട്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം. തോൽവിയേക്കാൾ വലിയ പ്രതിസന്ധിയായി ഉപനേതൃപദവി തർക്കം മുന്നണിയെ ബാധിക്കുമോ എന്ന ആശങ്കയും ഘടകകക്ഷികൾക്കിടയിൽ ശക്തമാണ്.

Related Articles

Back to top button