‘അടുത്തതായി അടികിട്ടാൻപോകുന്നത് നിനക്കാണ്’… സിജെപി വക്താവ്….

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ രസകരമായ പ്രതികരണവുമായി പാർട്ടി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത്ത് ദിപ്കെ. തനിക്കും കോ-കൺവീനർ അശുതോഷ് റാങ്കയ്ക്കും ഇതിനകം മർദനമേറ്റെന്നും ഇനി ദേശീയ വക്താവ് സൗരവ് ദാസിന്റെ ഊഴമാണെന്നുമായിരുന്നു ദിപ്കെയുടെ തമാശ കലർന്ന പ്രതികരണം. ‘മർദനമേറ്റാലും തിരിച്ചുവരുന്ന തരത്തിലുള്ള ആളുകളാണ് ഞങ്ങൾ. എനിക്ക് അടികിട്ടി, അവനും അടികിട്ടി. ഇനി സൗരവ് മാത്രമാണ് ബാക്കിയുള്ളത്. അടുത്തത് നിന്റെ ഊഴമാണ്’ എന്നായിരുന്നു അഭിജീത്ത് ദിപ്കെ പറഞ്ഞത്. അഭിജീത്ത് ദിപ്കെയ്ക്കൊപ്പം അശുതോഷ് റാങ്കയും സൗരവ് ദാസും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
ജൂണിലാണ് അഭിജീത്ത് ദിപ്കെയ്ക്ക് ജയ്പുരിൽ വച്ച് മർദനമേറ്റത്. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയ ദിപ്കെയെ ആളുകൾ ചുമലിലേറ്റി കൊണ്ടുപോകുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ സ്കാർഫ് പിടിച്ചുവലിക്കുകയും പലതവണ അടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. ആർഎസ്എസ് പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് ദിപ്കെ പിന്നീട് ആരോപിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അശുതോഷ് റാങ്കയ്ക്ക് മർദനമേറ്റത്. സിജെപിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായി ജയ്പുരിലെ ബാഗ്രു നിയമസഭാ മണ്ഡലത്തിലെ സർക്കാർ സ്കൂൾ പരിശോധിക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണമെന്നാണ് റാങ്കയുടെ ആരോപണം. തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും ഒരു സംഘം മർദിച്ചെന്നും കൂട്ടത്തിലൊരാളുടെ കൈ ഒടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും അശുതോഷ് റാങ്ക ആരോപിച്ചു. നേതാക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കിടയിലും സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന സന്ദേശമാണ് ദിപ്കെയുടെ പ്രതികരണത്തിലൂടെ സിജെപി നൽകുന്നത്.



