ഓണവിപണിയിൽ ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് ആശ്വാസം… കതിര്‍ ആപ്പ് വഴി…

തിരുവനന്തപുരം: ഓണവിപണിയിൽ കാർഷിക ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് ആശ്വാസം. കതിര്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്ത കർഷകർക്ക് സർക്കാർ മുഴുവൻ തുകയും വിതരണം ചെയ്തു. ഓണവിപണിയിൽ ഉൽപ്പന്നങ്ങൾ എത്തിച്ചിട്ടും കൃഷിവകുപ്പിൽനിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ ആശങ്കയിലായിരുന്നു.

കർഷകർക്ക് പണം ലഭിക്കുന്നില്ലെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് കൃഷിവകുപ്പിന്റെ അടിയന്തര ഇടപെടൽ. മന്ത്രി ടി. സിദ്ദിഖ് വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തിയത്. കഴിഞ്ഞവർഷം വരെ കൃഷി ഓഫീസിൽനിന്ന് നേരിട്ടായിരുന്നു കർഷകർക്ക് പണം നൽകിയിരുന്നത്. എന്നാൽ ഇത്തവണ ഓണവിപണിയിൽ ഉൽപ്പന്നങ്ങൾ എത്തിച്ച ശേഷം കതിര്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് അടിയന്തര ഇടപെടൽ നടത്തിയ കൃഷിവകുപ്പ് മുഴുവൻ തുകയും വിതരണം ചെയ്യുകയായിരുന്നു.

Related Articles

Back to top button