പൂക്കളമൊരുക്കിയത് കരയിലല്ല, കായലിൽ… വേമ്പനാട്ടിൽ കൗതുകമായി ‘ഒഴുകും പൂക്കളം’

ആലപ്പുഴ: ഉത്രാട നാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കായലിൽ വർണാഭമായ ദൃശ്യവിരുന്നാണ് ഒരുങ്ങിയത്. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആൻഡ് വാട്ടർ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക കൂട്ടായ്മയായ പി.സി.സിയും ചേർന്നാണ് ‘ഒഴുകും പൂക്കളം’ ഒരുക്കിയത്. പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമായിരുന്നു പൂക്കളത്തിന്റെ നിർമാണം.

മൂന്ന് മണിക്കൂറോളം സമയമെടുത്താണ് പൂക്കളം ഒരുക്കിയത്. കപ്പപ്പായൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ കൂട്ടിക്കെട്ടി അടിത്തറ തയ്യാറാക്കി. പായലിന്റെ ഇലകൾ വെട്ടിയൊതുക്കിയ ശേഷം അതിന് മുകളിൽ തെർമോക്കോൾ വിരിച്ചാണ് പൂക്കൾ നിരത്തിയത്. വിവിധ നിറങ്ങളിലുള്ള ഏകദേശം 10 കിലോ പൂക്കൾ പൂക്കളത്തിനായി ഉപയോഗിച്ചു. കായലോരത്ത് തയ്യാറാക്കിയ പൂക്കളം പിന്നീട് കയാക്കിൽ വലിച്ചാണ് വേമ്പനാട് കായലിന്റെ നടുഭാഗത്ത് എത്തിച്ചത്. തുടർന്ന് കയാക്കുകളിലും കുട്ടവഞ്ചികളിലുമായി പ്രവർത്തകർ പൂക്കളത്തിന് ചുറ്റും ഒരുമണിക്കൂറോളം വട്ടംചുറ്റി. കായലിലെ ഈ വേറിട്ട ഓണാഘോഷം കാണാൻ നിരവധി പേരാണ് എത്തിയത്. വിനോദസഞ്ചാരികളെ പെരുമ്പളത്തേക്ക് ആകർഷിക്കുന്നതിനൊപ്പം പെരുമ്പളത്തേക്ക് പാലം വന്നതിന്റെ സന്തോഷം പങ്കുവെക്കുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. ദീപു അരൂക്കുറ്റിയാണ് ‘ഒഴുകും പൂക്കളം’ എന്ന ആശയം മുന്നോട്ടുവച്ചത്. എം. മുരളീകൃഷ്ണൻ, എം. ഹരികൃഷ്ണൻ, എസ്. ലജീഷ്, കെ.ബി. ദിപിൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ 15ഓളം പേരാണ് പൂക്കളമൊരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. കായലിലെ ആഘോഷത്തിന് ശേഷം കരയിലെത്തിയ സംഘം ഉത്രാട സദ്യ കഴിച്ചാണ് മടങ്ങിയത്.

Related Articles

Back to top button