ഡീസൽ ബസുകളുടെ കാലാവധി 20 വർഷമാക്കിയ കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ….

ദേശീയ സ്ക്രാപ്പ് നിയമവും സുപ്രീംകോടതി ഉത്തരവും മറികടന്ന് ഡീസൽ ബസുകളുടെ കാലാവധി 15ൽ നിന്ന് 20 വർഷമാക്കിയ കേരളത്തിന്റെ തീരുമാനത്തിൽ ഇടപെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ. കേരളത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ വിശദീകരണം തേടിയ ട്രിബ്യൂണൽ, സംസ്ഥാന ഗതാഗത സെക്രട്ടറി ഓഗസ്റ്റ് 12ന് സമർപ്പിച്ച റിപ്പോർട്ടിൽ തൃപ്തരായില്ല.
ഗതാഗത സെക്രട്ടറിയുടെ വിശദീകരണം വിശ്വസനീയമല്ലെന്ന് നിരീക്ഷിച്ച ട്രിബ്യൂണൽ കൂടുതൽ വിവരങ്ങളും കണക്കുകളും ആവശ്യപ്പെട്ടു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അടുത്ത വാദത്തിന് മുൻപ് സമർപ്പിക്കണമെന്നും ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകി. വൈദ്യുത വാഹനങ്ങൾ, സി.എൻ.ജി. ഇന്ധനം, മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നടപടികൾ യാഥാർഥ്യത്തിൽ നടപ്പാക്കിയതിന്റെ വിവരങ്ങൾ കൂടി ഹാജരാക്കണമെന്നാണ് ട്രിബ്യൂണലിന്റെ നിർദേശം. കേസിൽ ഒക്ടോബർ 14ന് അന്തിമ വാദം നടക്കും. അതിന് ശേഷം വിധി പറയുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. അന്തിമ വാദത്തിന് ശേഷം കൂടുതൽ അവസരം ഉണ്ടാകില്ലെന്ന മുന്നറിയിപ്പും കേരളത്തിന് നിർണായകമായി.
അതേസമയം, ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശിച്ച നടപടികൾ നടപ്പാക്കാൻ ഇതുവരെ കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് വിവരം. ഒന്നരമാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ അവ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കുക സംസ്ഥാനത്തിന് വെല്ലുവിളിയാകും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡീസൽ ബസുകളുടെ കാലാവധി നീട്ടിയ കേരളത്തിന്റെ തീരുമാനം ദേശീയ നിയമത്തിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും പരിധിയിൽ എങ്ങനെ വരുമെന്നതിൽ ഇനി ട്രിബ്യൂണലിന്റെ നിലപാട് നിർണായകമാകും.



