ഇരുമുടിക്കെട്ടുമായി പമ്പയിലെത്തി…. ശബരിമലയിൽ ട്രാൻസ്‌ജെൻഡർ ഭക്തയ്ക്ക്….

കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. തമിഴ്നാട് ചെങ്കൽപട്ട് സ്വദേശിയും അഭിഭാഷകയുമായ സത്യശ്രീ ശർമിള റെഹമത്തലിയാണ് ഹർജി നൽകിയത്. 41 ദിവസത്തെ വ്രതം പൂർത്തിയാക്കി ഇരുമുടിക്കെട്ടുമായി ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് മൂന്നരയോടെ പമ്പയിലെത്തിയ തന്നെ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞ് പൊലീസ് മലകയറാൻ അനുവദിക്കാതെ തിരിച്ചയച്ചെന്നാണ് സത്യശ്രീയുടെ ആരോപണം.
തിരുവോണ ദിവസം സന്നിധാനത്തെത്തി ദർശനവും വഴിപാടുകളും നടത്താൻ അനുമതി നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി. വിഷയത്തിൽ സംസ്ഥാന സർക്കാരിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2026 ജനുവരി മൂന്നിനും ഏപ്രിൽ 15നും വ്രതം അനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തിയിരുന്നുവെന്നും സത്യശ്രീ ഹർജിയിൽ പറയുന്നു. എന്നാൽ ഇത്തവണ ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്നും അവർ ആരോപിച്ചു. പ്രവേശനം തടയുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവോ സർക്കുലറോ പൊലീസ് കാണിച്ചില്ലെന്നും ഇതുമൂലം മാനസിക വിഷമവും അപമാനവും നേരിട്ടെന്നും ഹർജിയിൽ പറയുന്നു. പമ്പ പൊലീസ് ഇൻസ്പെക്ടറുടെ നടപടിക്കെതിരെ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സത്യശ്രീ വ്യക്തമാക്കി.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ശബരിമല പ്രവേശനം വിലക്കിക്കൊണ്ടുള്ള ഉത്തരവോ സർക്കുലറോ നിലവിലുണ്ടെങ്കിൽ അതിന്റെ നിയമപരമായ കാരണങ്ങളും വ്യവസ്ഥകളും വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പേരിൽ ഭക്തരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും മറ്റ് ഭക്തരോടെന്ന പോലെ പെരുമാറാൻ പൊലീസിനും അധികൃതർക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.




