പാൽച്ചുരത്തിൽ വൻ മണ്ണിടിച്ചിൽ… തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വാഹനങ്ങൾ

കണ്ണൂർ: കണ്ണൂർ–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ–ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മണ്ണിടിച്ചിലുണ്ടായ സമയത്ത് ഇതുവഴി കടന്നുപോയ വാഹനങ്ങൾ തലനാരിഴയ്ക്കാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. മണ്ണും കല്ലും റോഡിലേക്ക് പതിച്ചതോടെ പാൽച്ചുരം വഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. റോഡ് ഫണ്ട് ബോർഡിന്റെ കീഴിലുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്തെ മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പാൽച്ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ കണ്ണൂരിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർ തലശ്ശേരി–ബാവലി സംസ്ഥാനാന്തര പാത (തലശ്ശേരി–നെടുംപൊയിൽ–പേര്യ–മാനന്തവാടി റോഡ്) ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.



