ദേഹത്ത് ഛർദിച്ചു… നെഹ്റു ട്രോഫി വള്ളംകളിക്കിടെ കത്തിക്കുത്ത്… നാലുപേർ…

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്ന് പേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25), അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ (24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുന്നമട ഫിനിഷിങ് പോയിന്റിനും സ്റ്റാർട്ടിങ് പോയിന്റിനുമിടയിലാണ് സംഭവം. വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ പ്രതികളുടെ ദേഹത്ത് മറ്റൊരാൾ ഛർദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ നോർത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



