ജനസംഖ്യാനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണം… മലപ്പുറത്തെ മൂന്ന് ജില്ലകളാക്കണമെന്ന്…

കോഴിക്കോട്: സംസ്ഥാനത്തെ ജില്ലകൾ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. ജനസംഖ്യ കൂടുതലുള്ള മലപ്പുറം ജില്ല വലിയ വിവേചനം നേരിടുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ജനസംഖ്യയിൽ വലിയ വ്യത്യാസമുണ്ടെങ്കിലും മലപ്പുറത്തിനും പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ തരത്തിലുള്ള സൗകര്യങ്ങളാണെന്നാണ് പി.എം.എ. സലാമിന്റെ വിമർശനം. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളും വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പരിഗണിച്ചാൽ മലപ്പുറത്തെ മൂന്ന് ജില്ലകളായി വിഭജിക്കേണ്ട സാഹചര്യമാണുള്ളതെന്നും പി.എം.എ. സലാം പറഞ്ഞു. അതിനിടെ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജില്ലാ രൂപീകരണം സംബന്ധിച്ച് പഠിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മിഷനെ ഉടൻ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യങ്ങൾക്ക് കൂടുതൽ പ്രതീക്ഷ കൈവന്നിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകൾ വിഭജിച്ച് നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ എന്നിവ പുതിയ ജില്ലകളാക്കണമെന്ന ആവശ്യമാണ് നിലവിൽ ചർച്ചയിലുള്ളത്.

പുതിയ ജില്ലകളും താലൂക്കുകളും സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ജില്ലാ അതിർത്തികൾ പുനർനിർണയിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജില്ലാ വിഭജനം സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ വിവിധ മേഖലകളിൽ നിന്നുള്ള പുതിയ ജില്ലാ ആവശ്യങ്ങൾക്കും വീണ്ടും ശക്തിയേറുകയാണ്.

Related Articles

Back to top button