ബിജെപിയിൽ അവഗണന… ടിവികെയിൽ ചേരുന്ന കാര്യം വിജയ്‌യെ കണ്ട ശേഷം തീരുമാനിക്കും…

തമിഴക വെട്രി കഴകം (ടിവികെ)യിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനം വിജയ്‌യെ നേരിൽ കണ്ടശേഷമെന്ന് നടനും രാഷ്ട്രീയപ്രവർത്തകനുമായ ദേവൻ. ടിവികെയുടെ സംസ്ഥാന അധ്യക്ഷ പദവി തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദേവൻ വ്യക്തമാക്കി. കോൺഗ്രസ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സജീവമായാണ് തന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെന്ന് ദേവൻ പറഞ്ഞു. എന്നാൽ പിന്നീട് പ്രവർത്തകർ ഒഴുക്കിനൊപ്പം ഒഴുകിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെയാണ് മറ്റൊരു ആശയത്തിലേക്ക് മാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിൽ ചേർന്നശേഷം നിരന്തരം അവഗണന നേരിട്ടെന്നും ദേവൻ ആരോപിച്ചു. ബിജെപിയിൽ ചേർന്നതുകൊണ്ട് തനിക്ക് ഒരു ഗുണവും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നില്ലെന്നും അതേസമയം തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നുമില്ലാത്ത അവസ്ഥയാണെന്നും ദേവൻ വിമർശിച്ചു. തൃശൂരിലെ കിറ്റ് വിവാദത്തിലും ദേവൻ പ്രതികരിച്ചു. അന്ന് തന്നെ പ്രതാപനാണ് കുടുക്കിയതെന്നാണ് ദേവന്റെ ആരോപണം. ബിജെപിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പറയാൻ നിരവധി കാര്യങ്ങളുണ്ടെന്നും എന്നാൽ ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും ദേവൻ വ്യക്തമാക്കി. തനിക്ക് മടിയിൽ കനമില്ലെന്നും ഏത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടിവികെയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടുണ്ടെന്നും വിജയ്‌യെ കണ്ടശേഷം മാത്രമേ പാർട്ടി പ്രവേശനത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ദേവൻ വ്യക്തമാക്കി.

Related Articles

Back to top button