വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് സർക്കാർ ഫണ്ട് തട്ടിപ്പ്… സ്കൂളുകൾക്കെതിരെ…

കണ്ണൂർ: വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ അഴിമതിനിരോധന നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കുന്നതിനുള്ള അനുമതിക്കായി കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
എട്ടുമാസത്തോളം നേരിട്ടും അല്ലാതെയും നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. തസ്തിക നിലനിർത്തുന്നതിനായാണ് മിക്ക സ്കൂളുകളും വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഹാജർപ്പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയിൽ വ്യാജമായി പേരുകൾ ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർഥികളുടെ എണ്ണം കൃത്രിമമായി ഉയർത്തിയതിലൂടെ യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയവയുടെ പേരിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പയ്യന്നൂർ, മാടായി, തളിപ്പറമ്പ് നോർത്ത്, തളിപ്പറമ്പ് സൗത്ത്, ഇരിക്കൂർ എന്നീ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പരിധിയിൽ മാത്രം 11 സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചതായി കണ്ടെത്തി. കണ്ണൂർ, തലശ്ശേരി മേഖലകളിലെ ചില സ്കൂളുകളിലും സമാനമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ തങ്ങളുടെ സ്കൂളിൽ പഠിക്കുന്നതായി കാണിച്ചാണ് പ്രധാനമായും വ്യാജരേഖകൾ തയ്യാറാക്കിയതെന്നാണ് കണ്ടെത്തൽ. ചില കുട്ടികളുടെ വിലാസങ്ങൾ പരിശോധിച്ച വിജിലൻസ്, അവർ യഥാർഥത്തിൽ ബന്ധപ്പെട്ട സ്കൂളുകളിൽ ഹാജരായിട്ടില്ലെന്നും കണ്ടെത്തി. കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെ സ്വന്തം സ്കൂളിലെ വിദ്യാർഥിയായി രേഖപ്പെടുത്തിയ സംഭവവും അന്വേഷണത്തിൽ കണ്ടെത്തി. കാസർകോട് ജില്ലയിൽ പഠിക്കുന്ന കുട്ടിയെ കണ്ണൂരിലെ സ്കൂളിൽ പഠിക്കുന്നതായി കാണിച്ച സംഭവവും കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരി മേഖലയിലെ ഒരു സ്കൂളിലെ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെ അധികമായി കാണിച്ച് ഹാജർ രേഖപ്പെടുത്തിയതായി വിജിലൻസ് കണ്ടെത്തി. അഞ്ചരക്കണ്ടിയിലെ ഒരു സ്കൂളിൽ സമീപത്തെ മറ്റൊരു സ്കൂളിലെ കുട്ടികളെ വ്യാജമായി ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുകളിൽ പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും പ്രതികളാകുമെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ക്രമക്കേടുകൾ പരിശോധിക്കാൻ ബാധ്യസ്ഥരായ ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നത് കേസ് രജിസ്റ്റർ ചെയ്തശേഷം പരിശോധിക്കും. കണ്ണൂർ നഗരത്തിന് സമീപമുള്ള സ്കൂളുകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകൾ ഇപ്പോഴും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. സമ്മർദം മൂലമാണ് വ്യാജ പ്രവേശനം കാണിക്കുന്നതെന്ന് ചില അധ്യാപകർ അന്വേഷണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിമിനൽ നടപടികളിൽനിന്ന് ആരെയും ഒഴിവാക്കാനാകില്ലെന്ന് ഡിവൈ.എസ്.പി. വ്യക്തമാക്കി.



