35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി.. ഫാർമസിസ്റ്റിന്റെ ശബ്ദരേഖ പുറത്ത്

തൃശൂർ മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സംഭവം നടന്ന ദിവസം താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും, മരുന്ന് നൽകിയത് താനല്ലെന്നും വ്യക്തമാക്കുന്ന ഫാർമസിസ്റ്റിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കുഞ്ഞിന്റെ അമ്മയെ ഫാർമസിസ്റ്റ് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർ നിർദേശിച്ച പ്രോബയോട്ടിക്കിന് പകരം മുതിർന്നവർക്ക് നെബുലൈസർ വഴി നൽകുന്ന മരുന്നാണ് കുഞ്ഞിന് നൽകിയതെന്നാണ് കുടുംബത്തിന്റെ പരാതി.
മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അരുൺ–അദ്രിക ദമ്പതികളുടെ 35 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. അഷ്ടമിച്ചിറയിലെ മാള ടൗൺ ബ്ലോക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്ന് വാങ്ങിയത്. മരുന്ന് വാങ്ങുന്ന സമയത്ത് സംശയം തോന്നിയ പിതാവ് ജീവനക്കാരിയോട് വിവരം ചോദിച്ചിരുന്നു. എന്നാൽ മരുന്ന് വായിലൂടെ കഴിക്കാനുള്ളതാണെന്ന് ജീവനക്കാരി ഉറപ്പുനൽകിയതായാണ് പിതാവിന്റെ ആരോപണം. തുടർന്ന് വീട്ടിലെത്തിയാണ് കുഞ്ഞിന് മരുന്ന് നൽകിയത്. കുഞ്ഞിന് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചതെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, വിഷയത്തിൽ എന്തുവേണമെങ്കിലും ചെയ്യാമെന്ന് ബാങ്ക് സെക്രട്ടറി കുട്ടിയുടെ മാതാപിതാക്കളോട് പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



