മുസ്ലിം ലീഗിന് എംഎൽഎമാരില്ല…. അതിനാലാണോ ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നത്…

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കാലവർഷക്കെടുതി ബാധിതരെ യുഡിഎഫ് സർക്കാർ അവഗണിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന് ഈ ജില്ലകളിൽ എംഎൽഎമാരും സ്വാധീനവും ഇല്ലാത്തതാണ് അവഗണനയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ദുരിതബാധിതർക്ക് അടിയന്തരമായി ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഒരു രൂപ പോലും ലഭ്യമാക്കിയിട്ടില്ലെന്ന് അനൂപ് ആന്റണി കുറ്റപ്പെടുത്തി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നൽകുമെന്ന് പ്രഖ്യാപിച്ച 10,000 രൂപ പോലും ലഭിച്ചിട്ടില്ല. രണ്ട് പേർക്ക് വീതം ദിവസവും 300 രൂപ നിരക്കിൽ ഏഴ് ദിവസത്തേക്ക് നൽകുമെന്ന പ്രഖ്യാപനവും നടപ്പാക്കിയില്ല. അപേക്ഷാ ഫോമോ ഗുണഭോക്താക്കളുടെ പട്ടികയോ പോലും തയ്യാറാക്കിയിട്ടില്ലെന്നും അനൂപ് ആന്റണി പറഞ്ഞു. സംസ്ഥാനത്ത് 27 പേർ മരിക്കുകയും 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേർ കഴിയുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1,882 ഹെക്ടർ കൃഷിനാശവും 23,537 കർഷകരെ ബാധിച്ച നഷ്ടവും ഉൾപ്പെടെ ഏകദേശം 68 കോടിയുടെ നഷ്ടമുണ്ടായതായി സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അനൂപ് ആന്റണി പറഞ്ഞു.
‘യുഡിഎഫ് സർക്കാരിൽ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണോ? ലീഗിന് സ്വാധീനമുള്ള മേഖലകൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടോ? ജനങ്ങളുടെ ദുരിതത്തിനും രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാനദണ്ഡമാകുന്നുണ്ടോ?’ എന്ന ചോദ്യമാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതബാധിതരോട് സർക്കാർ കരുണ കാണിക്കണമെന്നും ഔദ്യോഗിക നൂലാമാലകൾ പറഞ്ഞ് പ്രഖ്യാപിച്ച സഹായം വൈകിപ്പിക്കരുതെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു. ഓണക്കാലം ദുരിതപൂർണമാക്കിയ സർക്കാർ ഇനിയെങ്കിലും പ്രഖ്യാപനങ്ങൾക്കപ്പുറം സഹായം ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.



