കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം… ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പുതുതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്രാട ദിനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉത്രാട ദിനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്. തിരുവോണ ദിവസമായ ബുധനാഴ്ച നിലവിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ ലഭിക്കാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

Related Articles

Back to top button