‘കള്ളൻ വിജയൻ’ വിവാദം.. ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ…

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ വിവാദത്തിന് പിന്നാലെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു. വിവാദത്തെ തുടർന്ന് നേരത്തെ അജയനെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരുന്നു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ബാക്കിയിരിക്കെയാണ് രാജി. രാജിവെക്കുകയോ അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്ന് നേരത്തെ അജയനോട് ദേശാഭിമാനി നിർദേശിച്ചിരുന്നു. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിവരം.
വിവാദത്തിന് പിന്നാലെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്തുനിന്നും അജയനെ മാറ്റിയിരുന്നു. പകരം ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹന് ചുമതല നൽകി. പുല്ലമ്പാറയിലെ നാടക പ്രവർത്തകൻ ‘കള്ളൻ വിജയനെ’ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ടാണ് ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിൽ തർക്കമുണ്ടായത്. ലേഖനത്തിന്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതും വിഷയം മാധ്യമങ്ങളിൽ ചർച്ചയായതുമാണ് അജയനെ ചുമതലയിൽനിന്ന് മാറ്റാൻ കാരണമായതെന്നാണ് റിപ്പോർട്ട്. വിഎസിന്റെ അനുസ്മരണം ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണവും തലക്കെട്ട് സംബന്ധിച്ച തർക്കത്തെ തുടർന്ന് മുടങ്ങിയിരുന്നു. പുല്ലമ്പാറയിലെ നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്നത് തന്നെയാണ് ഉചിതമായ തലക്കെട്ടെന്ന നിലപാടിലായിരുന്നു കെ.ആർ. അജയൻ.



