മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരന് ക്രൂരമർദ്ദനം.. പിതൃസഹോദരനും ഭാര്യയ്ക്കുമെതിരെ…

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയ്ക്കുമെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മർദ്ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ബാലനീതി വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിയില്ലെന്ന കാരണത്താൽ കൊടുവള്ളി പൊലീസ് നേരത്തെ കേസെടുത്തിരുന്നില്ല. തുടർന്ന് പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കുട്ടിയെ ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ സിഡബ്ല്യുസിക്ക് മർദനം നടന്നതായി ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് കേസെടുക്കാൻ റൂറൽ എസ്.പിക്ക് നിർദേശം നൽകി. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.




