ക്യൂ നിൽക്കേണ്ട, ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി… ആശുപത്രികളിൽ പുതിയ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ ജനറൽ ആശുപത്രികൾവരെ ഓരോ ബ്ലോക്കിലും ‘മേ ഐ ഹെൽപ്പ് യു’ ഡെസ്കുകൾ സ്ഥാപിക്കുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ഡെസ്കുകളിൽ സേവനം നൽകുക. രോഗിയുടെ വിവരങ്ങൾ വാർഡുമായി ഏകോപിപ്പിച്ച് ബന്ധുക്കൾക്ക് കൈമാറണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സുതാര്യമായ ടോക്കൺ സംവിധാനത്തിലൂടെ ആദ്യം എത്തുന്നവർക്ക് ആദ്യം പരിശോധന എന്ന ക്രമം നടപ്പാക്കും. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഒ.പി. ടോക്കൺ നേടാനും ഓൺലൈനായി ടിക്കറ്റ് നിരക്ക് അടയ്ക്കാനും കഴിയുന്ന ‘സ്കാൻ ആൻഡ് ബുക്ക്’ സംവിധാനവും ഏർപ്പെടുത്തും. ഒ.പി. സേവനം സാധാരണയായി രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും. എന്നാൽ ടോക്കൺ ലഭിച്ച അവസാന രോഗിയെ പരിശോധിക്കുന്നതുവരെ ഡോക്ടർമാർ സേവനത്തിലുണ്ടാകും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് ഓരോ തവണയും കൺസൾട്ടേഷൻ നടത്തേണ്ട സാഹചര്യം ഒഴിവാക്കി ആറുമാസംവരെ മരുന്നുകൾ ലഭ്യമാക്കാനും നിർദേശമുണ്ട്.

ലാബ് പരിശോധനാഫലങ്ങളിൽ ഭൂരിഭാഗവും 48 മണിക്കൂറിനുള്ളിൽ നൽകണം. അടിയന്തര സാംപിളുകൾക്ക് മുൻഗണന നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. സി.ടി. സ്കാൻ, എം.ആർ.ഐ., അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള പരിശോധനകൾ വാർഡ് ജീവനക്കാർ തന്നെ ക്രമീകരിക്കണം. ഡിസ്ചാർജ് നടപടികൾ പരമാവധി രാവിലെ പൂർത്തിയാക്കണം. രോഗനിർണയം, ചികിത്സ, മരുന്നുകൾ എന്നിവ ഉൾപ്പെടുന്ന വിശദമായ ഡിസ്ചാർജ് സമ്മറി ഓരോ രോഗിക്കും നൽകണം. രോഗിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയിലെ പുരോഗതിയും ഡോക്ടർ വ്യക്തമായി ബന്ധുക്കളെ അറിയിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. ഒ.പി., ഐ.പി., എമർജൻസി വിഭാഗങ്ങളിൽ പേജ് നമ്പറിട്ട പരാതി-നിർദേശ രജിസ്റ്ററും സൂക്ഷിക്കണം. രജിസ്റ്റർ ദിവസവും സൂപ്പർവൈസറി ഓഫീസർ പരിശോധിച്ച് ഡെപ്യൂട്ടി സൂപ്രണ്ടിന് റിപ്പോർട്ട് നൽകണം.

Related Articles

Back to top button