യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എൻടിഎ

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ നടക്കും.

പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എൻടിഎയുടെ നടപടി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ ഗുരുതരമായ അപാകതകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പരാതി അന്വേഷിക്കാൻ പ്രത്യേക ആഭ്യന്തരസമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയിൽ പരാതികൾ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശുപാർശ ചെയ്യുകയുമായിരുന്നു.

ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, ടൈപ്പിംഗ് പിഴവുകൾ, പരിഭാഷയിലുണ്ടായ പോരായ്മകൾ എന്നിവ വ്യാപകമായിരുന്നു. കൂടാതെ ചോദ്യങ്ങളുടെ വാചക ഘടനയിലും വ്യാകരണത്തിലും തെറ്റുകളുണ്ടായി. മുൻവർഷങ്ങളിലെ നിരവധി ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതായും കണ്ടെത്തി. ദേശീയതലത്തിൽ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷയിൽ എൻടിഎ വീണ്ടും ഗുരുതരമായ വീഴ്ച വരുത്തിയത് പ്രതിഷേധത്തിനിടയാക്കി.

Related Articles

Back to top button