വിസിയുടെ പരാതിക്ക് പിന്നാലെ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ. വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. കൈയേറ്റം ചെയ്തുവെന്ന് സിസാ തോമസിന്റെ പരാതിയിലും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കേസിലുമാണ് നടപടി. രണ്ട് കേസുകളിലുമായാണ് നാല് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.
കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. സാങ്കേതിക സർവകലാശാല വിസിയായ സിസ തോമസ്, കാലടി സർവകാലാശാലയുടെ വിസിയെന്ന അധിക ചുമതലയും താൽക്കാലികമായി വഹിക്കുന്നു. ഗവർണറെയും വിസി വിവരങ്ങൾ ധരിപ്പിച്ചു.
പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിന് മുൻ കരുതലുകൾ പൊലീസിന്റെ ഭാഗത്തുണ്ടായില്ലെന്ന് വിസി ഗവർണറെ അറിയിച്ചു. ഗവർണറെ സന്ദർശിച്ച ശേഷമാണ് വിസി പരാതി നൽകിയത്. സർവകലാശാലയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള വിദ്യാർഥികളും ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നും വിസി പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നൽകി.



