സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖർ

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗീതമായ വന്ദേമാതരം ഒഴിവാക്കിയത് യുഡിഎഫ് സർക്കാരിന്റെ ബോധപൂർവ്വമായ തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തെ അങ്ങനെ വെറുതെ വിടാൻ കഴിയില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ബിജെപി ഇതര സർക്കാരുള്ള ഹിമാചൽ പ്രദേശിലും വന്ദേമാതരം ആലപിച്ചപ്പോൾ കേരളം മാത്രമാണ് ഇത് പൂർണ്ണമായി ഒഴിവാക്കിയതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ സർക്കാരിന് മേൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചെലുത്തുന്ന കടുത്ത നിയന്ത്രണവും സമ്മർദ്ദവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അത് പരസ്യമായി ലംഘിച്ചുവെന്നും ദേശീയ ഗാനം ആലപിക്കാതിരിക്കാൻ സർക്കുലർ ഇറക്കിയ സർക്കാരിന്റെ നടപടിക്ക് ഗുരുതരമായ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദലി ജിന്നയുടെ മാതൃകയിലുള്ള വിഭജന രാഷ്ട്രീയം സംസ്ഥാനത്ത് നടപ്പിലാക്കാനാണ് മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിക്കുന്നതെന്നും ഇതിനെ ബിജെപിയും യുവമോർച്ചയും ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗാനം പാതിവഴിയിൽ നിർത്തിവെക്കാൻ സോണിയ ഗാന്ധി ശ്രമിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button