ഓണത്തിരക്ക്… ബെംഗളുരു–തിരുവനന്തപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു–തിരുവനന്തപുരം നോർത്ത് റൂട്ടിൽ ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 06569/70 നമ്പർ ട്രെയിനാണ് അധിക സർവീസായി അനുവദിച്ചത്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ക്രോസിംഗ്/ഹാൾട്ട് സ്റ്റേഷനുകൾ അല്ലാത്ത ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച ഓണം സ്പെഷ്യൽ ട്രെയിനുകൾ യാത്രക്കാരുടെ ആവശ്യത്തിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എംപി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിനിടെ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ഓണക്കാല യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. തുടർന്നുള്ള ഇടപെടലുകളുടെ ഭാഗമായാണ് എസ്എംവിടി ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള അധിക ഓണം സ്പെഷ്യൽ സർവീസ് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കൂടുതൽ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഇടപെടലുകൾ തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിനും കേരളത്തിലേക്കുള്ള യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി റെയിൽവേ മന്ത്രാലയത്തിലും റെയിൽവേ ബോർഡിലും ശക്തമായ ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Related Articles

Back to top button