ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിൻറെ വിവാദ പ്രസംഗത്തിൽ പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ. നാളെ സർവകളാശാല ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്താനാണ് തീരുമാനം. അമ്മയാരെന്ന് അറിയാത്തവർ ആണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്നായിരുന്നു വിസിയുടെ പ്രസംഗം. അമ്മയാരെന്ന് അറിയുന്നവർ വന്ദേമാതരം എന്ന് തന്നെ പറയുമെന്നും ആർഎസ്എസ് നെയ്യാറ്റിൻകരയിൽ സങ്കടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. വിസി പദവിയുടെ അന്തസ്സിന് നിരക്കാത്ത വാക്കുകളാണിത് എന്നാണ് നിലവിലെ വിമർശനം.

ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ്പ് 2026 എന്ന പരിപാടിയിലാണ് മുഖ്യ പ്രഭാഷകനായി പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. ലോകത്തിലെ 60 ശതമാനം മരുന്നുകൾ നിർമ്മിക്കുന്നത് ഇന്ത്യയാണെന്നും സായിപ്പിന് മരുന്ന് വേണമെങ്കിൽ ഇന്ത്യ നിർമ്മിക്കണമെന്ന അവസ്ഥ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് വന്നത് കുഞ്ഞു നാൾ മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാനാണാണെന്നും ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് 3 വയസ്സുള്ള കുട്ടികൾക്കാണെന്നും അ​ദ്ദേഹം വ്യക്തമാക്കി. നാല് വർഷ വിദ്യാഭ്യാസ രീതി കേരളം നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു. എന്നാൽ കേരള യൂണിവേഴ്സിറ്റിയിൽ ഞാൻ അത് നടപ്പിലാക്കി. ഇപ്പോൾ എല്ലാവരും അത് നടപ്പിലാക്കുന്നുവെന്നും വിസി പറഞ്ഞു.

കുഞ്ഞുങ്ങളെ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് ഭാരത മാതാവാണ്. വികസിത ഭാരതത്തിന് വേണ്ടി ഇവരെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിരിക്കുകയാണ്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നത്. അവരും മാറും, ഈ നാട് മാറുകയാണ്. പിഎസ്‍സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ച് കാര്യങ്ങള് കൂടി ചെയ്യണം. കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മൾ തിരിച്ച് പോവുകയാണ്. ചില കള്ളന്മാർ അത് വന്നു കൊള്ളയടിച്ചു. അവർക്ക് കൂട്ടു നിന്നത് ആരാണ് എന്ന് നമ്മുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരം പരാമർശിച്ചാണ് വിസി പ്രസം​ഗം അവസാനിപ്പിച്ചത്.

Related Articles

Back to top button