ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള പാത 2028ലും പൂർണമായി സജ്ജമാകില്ലെന്നാണു നിലവിലെ നിർമാണ പുരോഗതി നൽകുന്ന സൂചന. പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകളുടെ നിർമാണത്തിനുള്ള കരാർ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല.
കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിലാണ് പ്രധാന ആശങ്ക. 29.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റീച്ചിൽ 77 ശതമാനം നിർമാണം പൂർത്തിയായെങ്കിലും 7.67 കിലോമീറ്ററിലെ 12 വയഡക്ടുകളുടെ പണി ബാക്കിയാണ്. മണ്ണിട്ട് നികത്തി റോഡ് നിർമിക്കുന്നതിലെ അപകടസാധ്യത ഒഴിവാക്കാനാണ് വയഡക്ടുകൾ ഉൾപ്പെടുത്തിയത്. നിർമാണത്തിനായി രണ്ട് മാസം മുൻപ് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറിലെത്തിയിട്ടില്ല.



