അധ്യാപകരുടെ മാനസിക പീഡനം… നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയെന്ന് പരാതി

കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദാണ് മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാം വർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഹമ്മദ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ നജാദിനെ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അധ്യാപകരുടെ നടപടിയിൽ മനംനൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെ എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരും ചർച്ച നടത്തി. ആരോപണം നേരിടുന്ന നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



