അർജുൻ ആയങ്കിക്കായി വീടുകളിൽ പൊലീസ് പരിശോധന… സ്ത്രീയുടെ കയ്യിൽ…

പത്തനംതിട്ട: അർജുൻ ആയങ്കിയെ തേടിയുള്ള പൊലീസ് പരിശോധനയിൽ പരാതി. പത്തനംതിട്ട കാട്ടാമലയിൽ വീടുകളിൽ പൊലീസ് പരിശോധന നടത്തിയതിനെതിരെയാണ് സിപിഐഎം ലോക്കൽ സെക്രട്ടറി നിതിൻ കുമാർ മനുഷ്യാവകാശ കമ്മീഷനിലും പട്ടികജാതി-പട്ടികവർഗ കമ്മീഷനിലും പരാതി നൽകിയത്.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീടുകളിൽ പരിശോധന നടത്തിയതെന്നാണ് പരാതിയിലെ ആരോപണം. പരിശോധനയ്ക്കിടെ പൊലീസ് മാന്യതയില്ലാത്ത ഭാഷ പ്രയോഗിച്ചെന്നും ഒരു സ്ത്രീയുടെ കയ്യിൽ പൊലീസ് കടന്നുപിടിച്ചെന്നും പരാതിയിൽ പറയുന്നു. പൊലീസിന് ലഭിച്ച വിവരം എങ്ങനെയാണ് സ്ഥിരീകരിച്ചതെന്ന് പരിശോധിക്കണമെന്നും സംഭവത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിരപരാധികളുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയതെന്നും പൊലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്നും നിതിൻ കുമാർ ആവശ്യപ്പെട്ടു.

അർജുൻ ആയങ്കിയെ തേടി പത്തനംതിട്ടയിലെ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയതിൽ നേരത്തെയും പ്രതിഷേധം ശക്തമായിരുന്നു. മല്ലപ്പള്ളി കാട്ടാമലയിലെ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയതിനെതിരെ സിപിഐഎം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം പൊലീസിന് തെറ്റായ വിവരം നൽകിയെന്നാണ് അന്ന് സിപിഐഎം ജില്ലാ നേതൃത്വം ആരോപിച്ചത്. തെറ്റായ വിവരം നൽകിയവർക്കെതിരെയും മനുഷ്യാവകാശം ലംഘിച്ച് പരിശോധന നടത്തിയ പൊലീസുകാർക്കെതിരെയും നടപടി വേണമെന്നായിരുന്നു സിപിഐഎമ്മിന്റെ ആവശ്യം.

Related Articles

Back to top button