രാജ്യം സ്വാതന്ത്ര്യ ദിനാഘോഷം നിറവിൽ… ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി

സ്വതന്ത്ര്യ ദിനാഘോഷം നടക്കാനിരിക്കെ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. ഏകദേശം ഒരാഴ്ചയായിട്ട് കണ്ണട മോഷണം പോയെന്നാണ് വിവരം. കണ്ണട മോഷ്ടിച്ച സാമൂഹികവിരുദ്ധർ പ്രതിമയുടെ കയ്യിൽ മാലയും ധരിപ്പിച്ചു. കണ്ണട പുനസ്ഥാപിച്ചില്ലെന്ന് മാത്രമല്ല ഇന്ന് ഉച്ചയ്ക്കുശേഷം നാലുമണിവരെ പ്രതിമയുടെ കയ്യിൽ മാലയും ഉണ്ടായിരുന്നു.
സിസിടിവി ക്യാമറകൾ സമീപത്തുള്ള കടകളിൽ എല്ലാം ഉണ്ടെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ ഇതുവരെ പൊലീസ് ശ്രമിച്ചിട്ടില്ലെന്നാണ് വിവരം. ഗാന്ധി പ്രതിമയിൽ നിന്നും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കേവലം 150 മീറ്റർ മാത്രമാണ് ദൂരമുള്ളത്. ലോഹ ഫ്രെയിമുള്ള വൃത്താകൃതിയിലുള്ള കണ്ണടയാണ് പ്രതിമയിൽ സ്ഥാപിച്ചിരുന്നത്. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ആണ് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.



