പാർക്ക് ചെയ്ത കാറുകളുടെ ചില്ല് തകർത്ത് മോഷണം.. 49കാരൻ…

എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ പ്രതി എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം പരുത്തിപ്പാറ ബി.എൻ.എസ്.എൽ ക്വാർട്ടേഴ്സിലെ പുളിയറകോണം വീട്ടിൽ ശരത്ത് (49) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം എം.ജി റോഡിലും ബാനർജി റോഡിലും പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകൾ തകർത്താണ് പ്രതി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നഗരത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും സമാനമായ മുൻ കേസുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ശേഷം ഗുരുവായൂർ ഭാഗത്തേക്ക് ഒളിവിൽ പോയ ശരത്തിനെ ഗുരുവായൂർ പൊലീസിന്റെ സഹായത്തോടെ സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. നഗരത്തിലെ സമാന മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.



