ആറു വർഷത്തെ പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചു; വിളിച്ചുവരുത്തിയത് സ്വന്തം വീട്ടിലേക്ക്; വടക്കൻ പറവൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൂണ്ടി സ്വദേശിനി സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിൻ (34) വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്.

ആറു വർഷമായി പ്രണയത്തിലായിരുന്ന സുരമ്യയും ഷിബിനും തമ്മിൽ കുറച്ചുകാലമായി തർക്കങ്ങൾ നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്. ബന്ധത്തിൽനിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഷിബിന്റെ മൊഴി.

കൊടുങ്ങല്ലൂരിലേക്കു പോകാനെന്നു പറഞ്ഞ് ആലുവയിലെ വീട്ടിൽനിന്ന് ഇറങ്ങിയ സുരമ്യ, ഷിബിൻ വിളിച്ചതിനെ തുടർന്ന് പറവൂരിൽ ബസ് ഇറങ്ങി. തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻതുരുത്തിലുള്ള വീട്ടിലെത്തിച്ചു.

രാവിലെ പത്തുമണിയോടെ ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നേരത്തെയും തർക്കിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button