ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം: അധ്യാപകൻ ഹൈക്കോടതിയിൽ

കൊച്ചി: ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തെ തുടർന്ന് നൽകിയ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദാണ് ഹർജി നൽകിയത്.സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അധ്യാപകനെതിരായ അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായി വി.ഡി. സവർക്കറുടെ പേര് നൽകിയതിന്റെ പേരിൽ തനിക്കെതിരെ നടപടി സ്വീകരിക്കുന്നത് അന്യായമാണെന്നാണ് അധ്യാപകന്റെ വാദം.സവർക്കറുടെ തടവുജീവിതവുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാരിന്റെ പക്കലുണ്ടെന്നും സവർക്കറുടെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2026 ഓഗസ്റ്റ് ആറിന് നടന്ന ഫ്രീഡം ക്വിസിലാണ് വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത്. “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു നൽകിയിരുന്ന ഉത്തരം.കുമ്പള, കാസർകോട്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിലാണ് സവർക്കറെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്ന ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ നടപടിയെ ചോദ്യം ചെയ്താണ് ഇപ്പോൾ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Back to top button