കെഎം ബഷീർ കേസ്; സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കും

കെഎം ബഷീർ കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസിൽ വിചാരണ പുരോ​ഗമിക്കുകയാണ്.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിൻറെ പേരിലുള്ളതായിരുന്നു കെ‌എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻറെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാൽ, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിൻറെയും പൊലീസിൻറെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിൻറെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button