പണം ആവശ്യപ്പെട്ട് യുവതിയോട് അതിക്രമം; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

പണം നൽകാത്തതിന്റെ വിരോധത്തിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. പെരുവയൽ മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് രാവിലെ മേരിക്കുന്ന് സ്വദേശിനിയായ അസ്മ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധംവെച്ച് യുവതിയെ ആക്രമിക്കുകയും, കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വീടിന്റെ ജനവാതിലും വീട്ടിലുള്ള സാധനങ്ങളും പ്രതി അടിച്ച് നശിപ്പിച്ചിട്ടുമുണ്ട്. തുടർന്ന് യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്‌ഐ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

പ്രതിക്ക് ചങ്ങനാശ്ശേരി, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button