വൃശ്ചിക ഏകാദശി പൂജ തീയതി മാറ്റത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച്….

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയതി മാറ്റാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പുഴക്കര ചേന്നാസ് ഇല്ലത്തിലെ ചില അംഗങ്ങളാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള തീരുമാനത്തിനെതിരെയും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

രണ്ട് ഹർജികളും വ്യാഴാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജികൾ 13ന് ലിസ്റ്റ് ചെയ്യാനും കോടതി തീരുമാനിച്ചു. ഈ വർഷത്തെ വൃശ്ചിക ഏകാദശി നവംബർ 21നാണ്. അന്ന് തന്നെ ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ നടത്താൻ നിർദേശം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഈ വർഷത്തെ ഉദയാസ്തമയ പൂജ ഒക്ടോബർ 22ന് നടത്താൻ നീക്കം നടക്കുന്നതായാണ് ഹർജിയിലെ ആരോപണം. ഈ നീക്കം തടയണമെന്നാണ് ആവശ്യം. വൃശ്ചിക മാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റാനുള്ള ദേവസ്വം തീരുമാനത്തിന് കഴിഞ്ഞ തവണ സുപ്രീം കോടതി തടയിട്ടിരുന്നു. വൃശ്ചിക ഏകാദശിയിലെ ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്തായിരുന്നു ദേവസ്വം ഭരണസമിതി പൂജ തുലാമാസത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ ഭക്തരുടെ തിരക്ക് പരിഗണിച്ചല്ല, വിഗ്രഹത്തിന്റെ ചൈതന്യം കണക്കിലെടുത്താണ് തീരുമാനമെടുക്കേണ്ടതെന്ന് നിർദേശിച്ച സുപ്രീം കോടതി, വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താൻ നിർദേശിച്ചിരുന്നു.

അതേസമയം, ഇല്ലംനിറ പൂജയുടെ വേദി മാറ്റിയതിനെതിരെയും ഹർജിയുണ്ട്. ഇത്തവണത്തെ ഇല്ലംനിറ പൂജ ഓഗസ്റ്റ് 18നാണ് നടക്കുന്നത്. നമസ്കാര മണ്ഡപത്തിൽ നടന്നിരുന്ന പൂജ ഗുരുവായൂർ ദേവസ്വം ബോർഡ് കൊടിമരച്ചുവട്ടിലേക്ക് മാറ്റുകയായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വേദി മാറ്റിയതെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. എന്നാൽ ഇല്ലംനിറ പൂജ ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമാണെന്നും നമസ്കാര മണ്ഡപത്തിൽ തന്നെയാണ് പൂജ നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് പുഴക്കര ചേന്നാസ് ഇല്ലത്തിലെ പി.സി. ഹരി ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. സീനിയർ അഭിഭാഷകൻ കെ. പരമേശ്വറും അഭിഭാഷകൻ എ. കാർത്തിക്കും ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജികൾ 13ന് ലിസ്റ്റ് ചെയ്യാൻ കോടതി തീരുമാനിച്ചത്.

Related Articles

Back to top button