രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വൻ പ്രതിസന്ധി

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ – ഓഗസ്റ്റ്) രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്. കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഹ്രസ്വകാല പ്രവചനങ്ങളേക്കാൾ കുറവാണ് സാധാരണഗതിയിൽ യഥാർത്ഥ വൈദ്യുതി ഉപഭോഗം വരാറുള്ളതെങ്കിലും, ഇത്തവണ അത് പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം 2022-ലും (1.8%), 2023-ലും (0.75%) മാത്രമാണ് ഇതിനുമുമ്പ് ഇത്തരത്തിലൊരു വ്യതിയാനം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്നത്തേക്കാൾ വളരെ ഉയർന്ന നിരക്കിലാണ് ഇത്തവണത്തെ വർദ്ധനവ്. സി.ഇ.എ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യുതി ഉൽപ്പാദന കമ്പനികൾ കൽക്കരി ശേഖരണവും മറ്റ് പ്രവർത്തന രൂപരേഖകളും തയ്യാറാക്കുന്നത്. അതിനാൽ, പ്രവചനങ്ങളിലുണ്ടായ ഈ വലിയ മാറ്റം രാജ്യത്തെ പവർ സിസ്റ്റം ആസൂത്രണത്തെയും കൽക്കരി വിതരണത്തെയുമെല്ലാം കാര്യമായി ബാധിച്ചിട്ടുണ്ട്. ഉപഭോഗം കുത്തനെ ഉയർന്നതോടെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ രാജ്യത്തെ 112 സ്വകാര്യ കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിവർഷം തയ്യാറാക്കുന്ന ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ട് വഴിയാണ് റെയിൽവേയും കൽക്കരി കമ്പനികളും അടക്കമുള്ള സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. എന്നാൽ സെപ്റ്റംബറോടെ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ലഭിച്ചതോടെ ഉപഭോഗത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button