ഡൽഹി സമര പരാമർശം… ടി.ജി. മോഹൻദാസ് കുറ്റം സമ്മതിച്ചു

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസ് കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ടി.ജി. മോഹൻദാസിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തെളിവുകൾ ശേഖരിക്കുന്നതിനും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനും പൊലീസ് കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇന്നലെയാണ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. വീട്ടിൽനിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ ഉദ്യോഗസ്ഥർ മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയത്. തുടർന്ന് മോഹൻദാസിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

കേസെടുത്ത് 11 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് വൈകുന്നതിൽ വിമർശനം ഉയർന്നിരുന്നു. അർജുൻ ആയങ്കിക്കെതിരായ പൊലീസ് നടപടികൾക്കിടെ ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹൻദാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353(1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നാണ് എഫ്ഐആറിലെ ആരോപണം.

Related Articles

Back to top button