കള്ളനോട്ടുകാരുടെ പുതിയ തന്ത്രം, ലക്ഷ്യം 10, 20 രൂപ നോട്ടുകൾ

വലിയ മൂല്യമുള്ള കറൻസി നോട്ടുകളിലെ സുരക്ഷാ പരിശോധനകൾ കർശനമായതോടെ കള്ളനോട്ടു മാഫിയ തന്ത്രം മാറ്റുന്നതായി റിപ്പോർട്ടുകൾ. ആളുകൾ സാധാരണ പരിശോധിക്കാതെ കൈമാറുന്ന 10, 20, 50 രൂപ പോലുള്ള ചെറിയ മൂല്യമുള്ള നോട്ടുകളെയാണ് ഇപ്പോൾ കൂടുതൽ ലക്ഷ്യമിടുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേ സാഹചര്യത്തിലാണ് ചെറിയ മൂല്യമുള്ള പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വേഗം കൂട്ടുന്നതായുള്ള സൂചന.
മുമ്പ് പ്രധാനമായും 200, 500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി കണ്ടെത്തിയിരുന്നത്. എന്നാൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ സ്വീകരിക്കുമ്പോൾ ആളുകൾ കൂടുതൽ ശ്രദ്ധ പുലർത്തുകയും സുരക്ഷാ ഫീച്ചറുകൾ പരിശോധിക്കുകയും ചെയ്യുന്നതിനാൽ തട്ടിപ്പുകാർ ഇപ്പോൾ ചെറിയ നോട്ടുകളിലേക്ക് ശ്രദ്ധ തിരിക്കുന്നതായാണ് വിലയിരുത്തൽ. 10, 20, 50 രൂപ നോട്ടുകൾ പലപ്പോഴും പരിശോധിക്കാതെയാണ് കൈമാറപ്പെടുന്നത്. ഈ അശ്രദ്ധയാണ് ചെറിയ മൂല്യമുള്ള കള്ളനോട്ടുകൾ പ്രചരിക്കാൻ വഴിയൊരുക്കുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
ഇതിനിടെ 10, 20 രൂപയുടെ പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള പദ്ധതിയുമായി ആർബിഐ മുന്നോട്ടുപോകുകയാണ്. വർഷങ്ങളായി ഈ പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും സാങ്കേതിക വെല്ലുവിളികൾ കാരണം നടപ്പാക്കൽ വൈകുകയായിരുന്നു. എന്നാൽ ചെറിയ മൂല്യമുള്ള കള്ളനോട്ടുകളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പോളിമർ കറൻസിയിലേക്കുള്ള നീക്കം കൂടുതൽ സജീവമായിരിക്കുകയാണ്.
പോളിമർ നോട്ടുകളുടെ പ്രധാന പ്രത്യേകത കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നതാണ്. സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് ഇവയുടെ വ്യാജപതിപ്പുകൾ നിർമ്മിക്കുക ഏറെ ദുഷ്കരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ 10, 20 രൂപയുടെ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ അച്ചടിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.




