ആർഎസ്എസ് നയം നടപ്പിലാക്കാൻ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുന്നു

സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേമാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സർക്കാരിന്റെ സമ്പൂർണ ആർഎസ്എസ് വിധേയത്വമാണ് വ്യക്തമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് ആർഎസ്എസ് മനസ്സിന്റെ പ്രതിഫലനമാണ്. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. ഇത് രാജ്യം അംഗീകരിച്ചതല്ല. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും മതേതര സ്വഭാവം നിലനിർത്താനുമായിരുന്നു ഇൗ തീരുമാനം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ ഈ നിർദ്ദേശവുമായി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്ത് മതനിരപേക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നതാണെന്നും ഗോവിന്ദൻ പറഞ്ഞു.




