PSC നിയമനം നടപ്പായില്ല… സെക്രട്ടേറിയറ്റിന് മുന്നിൽ പുല്ലുതിന്ന് എൽപിഎസ്ടി…

തിരുവനന്തപുരം: PSC നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ പുല്ലുതിന്നാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കിയതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. “പഠിച്ച് ജയിച്ചപ്പോൾ ഇവിടെ വന്നിരുന്ന് പുല്ല് തിന്നേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല”, എന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ PSCക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്. സമരസമിതിയുമായി സർക്കാർ ഏഴുതവണ ചർച്ച നടത്തിയിട്ടും തീരുമാനമുണ്ടായില്ല. സമരത്തിൽനിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലറി അനുവദിക്കാമെന്നുമായിരുന്നു സർക്കാർ മുന്നോട്ടുവച്ച നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. അഞ്ച് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചിട്ടില്ലെന്നും അവർ പറയുന്നു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രധാന തടസ്സമെന്നാണ് വിവരം. അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറച്ചാൽ കൂടുതൽ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുമെന്നാണ് റാങ്ക് ഹോൾഡേഴ്സിന്റെ വാദം. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ അടിയന്തരമായി തീരുമാനം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുന്നത്.

Related Articles

Back to top button