മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദ്ദിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്‌പെൻഷൻ

നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി. അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജോ ജോസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് (ഡി.എഫ്.ഒ) സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലായിരുന്ന അജികുമാർ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എസ്.എഫ്.ഒമാരായ കെ.സി. സന്തോഷ്, വി. മനോജ്, പി. ചന്ദ്രൻ, ദിവസവേതന വാച്ചറായ രതീഷ് എന്നിവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ അക്രമത്തിന് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ടിജോ ജോസഫ് ഒത്താശ ചെയ്യുകയും കൂട്ടുനിൽക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



