സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം; കിരൺ റിജിജുവിന് രാജ്യസഭാ ചെയർമാന്റെ നിർദ്ദേശം

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ശക്തമായ നിലപാടുമായി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ. സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വഴി ആഭ്യന്തരമന്ത്രിയെ അറിയിക്കണമെന്ന് ചെയർമാൻ നിർദേശിച്ചു. അമിത് ഷാ നേരിട്ടെത്തി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ നിരന്തരം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ.
ജൂലായ് 20-ന് ജന്തർ മന്ദറിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർക്കെതിരെ നടന്ന പോലീസ് നടപടി സംബന്ധിച്ച് ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
‘രാജ്യത്തെയും ഇവിടുത്തെ 140 കോടി ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഞങ്ങൾ സത്യസന്ധമായ ചോദ്യങ്ങൾ മാത്രമേ ഉയർത്തുന്നുള്ളൂ. ആഭ്യന്തരമന്ത്രിയെയും പ്രധാനമന്ത്രിയെയും സഭയിലേക്ക് വരാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ആഭ്യന്തരമന്ത്രി വന്ന് പ്രസ്താവന നടത്താൻ ചെയറിനോട് നിർദ്ദേശിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ അത് ചർച്ചചെയ്യാൻ തയ്യാറാണ്. തടസ്സങ്ങൾ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഈ സഭയിൽ അരുൺ ജയ്റ്റ്ലിജി തന്നെ പറഞ്ഞിട്ടുണ്ട്. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഏത് ചോദ്യവും നിങ്ങൾക്ക് ഉന്നയിക്കാം. എന്നാൽ, ഇവിടെ ഞങ്ങൾ സത്യസന്ധമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, അവർ ഒഴിഞ്ഞുമാറുകയാണ്’, ഖാർഗെ പറഞ്ഞു.
ഇതോടെയാണ് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഇടപെടൽ നടത്തിയത്. പ്രതിപക്ഷത്തിന്റെ വികാരങ്ങൾ ആഭ്യന്തരമന്ത്രിയെ അറിയിക്കാൻ റിജിജുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.




