ബന്ധുവീട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ കുടിവെള്ളം ചോദിച്ചെത്തി, വെള്ളം എടുക്കാനായി തിരിഞ്ഞ സെക്കന്റിൽ…

കൊല്ലത്ത് വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ് യുവാവ്. പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ (80) യുടെ ഒന്നര പവൻ വരുന്ന മാലയാണ് യുവാവ് കവർന്നത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് മഴക്കോട് ധരിച്ചെത്തിയ ഒരു യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടത്. പിന്നാലെ വെള്ളം എടുക്കാനായി അകത്തേക്ക് പോകാൻ സരസ്വതിയമ്മ തിരിഞ്ഞതും യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
സരസ്വതി അമ്മ മാലയിൽ പിടിച്ചെങ്കിലും ചെറിയ ഭാഗം മാത്രമാണ് കയ്യിൽ കിട്ടിയത്. ബാക്കിയുമായി കള്ളൻ കടന്നു കളയുകയായിരുന്നു. യുവാവിനൊപ്പമെത്തിയ മറ്റൊരാൾ പുറത്ത് ബൈക്കുമായി കാത്തു നിൽപ്പുണ്ടായിരുന്നു. ഇരുവരും ചേർന്ന് ബൈക്കിൽ രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മോഷണമെന്നാണ് നിഗമനം.




