യുവതിയെ കൊല്ലാൻ പെൺവേഷം ധരിച്ച് സ്കൂട്ടറിൽ കറങ്ങി പ്രതി…

തൃശൂർ: ഗുരുവായൂരിൽ പെൺവേഷം ധരിച്ച് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അറസ്റ്റിലായ തൊടുപുഴ മുട്ടം സ്വദേശിയായ പ്രസാദ് പെൺവേഷം ധരിച്ചത് പൊലീസിനെ കബളിപ്പിച്ച് രക്ഷപെടാനായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്പായിൽ ജോലി ചെയ്യുന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം പെൺവേഷത്തിൽ സ്കൂട്ടറിൽ രക്ഷപെടാനായിരുന്നു പ്രതിയുടെ പദ്ധതി. സംഭവത്തിന് മുമ്പ് പെൺവേഷം ധരിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുന്ന പ്രസാദിനെ നാട്ടുകാർ കണ്ടിരുന്നതായും പൊലീസ് അറിയിച്ചു.

പ്രസാദും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ യുവതി പ്രസാദിന്റെ ഭാര്യയ്ക്ക് അയച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. പ്രസാദിന്റെ ഭാര്യയും കുടുംബവും നിലവിൽ ഇറ്റലിയിലാണ് താമസം. കേസിൽ കൂട്ടുപ്രതികളായ തൊടുപുഴ മുട്ടം സ്വദേശികളായ ആദർശ്, ബിനീഷ്, ഷാഹിദ്, സ്റ്റീഫൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കാറും അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് സമീപം പെൺവേഷത്തിൽ സംശയാസ്പദമായി കറങ്ങുകയായിരുന്ന പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിലാണ് യുവതിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നത്. ആദ്യഘട്ടത്തിൽ സൗഹൃദബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ തുടർ അന്വേഷണത്തിലാണ് യുവതി പ്രസാദിന്റെ ഭാര്യയ്ക്ക് ഇരുവരുടെയും ചിത്രങ്ങൾ അയച്ചതാണ് കൊലപാതക പദ്ധതിക്ക് പിന്നിലെ പ്രധാന പ്രകോപനമെന്ന് കണ്ടെത്തിയത്. കൂടാതെ, പ്രസാദ് നിരവധി വധശ്രമക്കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button