പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് നേരെ ലൈംഗിക പീഡനം… അച്ഛനടക്കം…

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയെയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെയുമാണ് നിലവിൽ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ കുട്ടിയുടെ അച്ഛൻ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അച്ഛനിൽ നിന്ന് ലൈംഗിക ചൂഷണം നേരിട്ടതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. പിന്നീട് മറ്റ് പ്രതികളും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. സഹപാഠികളോടാണ് പെൺകുട്ടി താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ശിശുക്ഷേമ സമിതി (CWC) വഴി പൊലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒരു കേസ് പെരുനാട് പൊലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.



