ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പ്രത്യേക പൂജ…

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട് ദേവപ്രശ്നത്തിൽ കണ്ടെത്തിയ ദോഷങ്ങൾ പരിഹരിക്കുന്നതിനായുള്ള ക്രിയകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടന്നു. പൂജയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടന്നു. മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ചാണ് പ്രത്യേക പൂജകൾ നടത്തിയത്. തുടർന്ന് മഹാപൂജയും നടക്കും.
കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രംഗപൂജയും പിന്നീട് നടത്താനാണ് തീരുമാനം. 2018-ൽ നടന്ന ദേവപ്രശ്നത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ദോഷങ്ങൾ കണ്ടെത്തിയത്. എന്നാൽ അന്ന് നിർദേശിച്ച പരിഹാരക്രിയകൾ നടപ്പാക്കിയിരുന്നില്ല. പിന്നീട് സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പരിഹാരപൂജകൾ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കേരളത്തിലെ 25 ക്ഷേത്രങ്ങളിലായി പരിഹാരക്രിയകൾ നടത്താനാണ് പദ്ധതി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി. എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ബാക്കിയുള്ള ക്ഷേത്രങ്ങളിലും ഉടൻ പ്രത്യേക പൂജകൾ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.




